ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് വരുന്ന സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ്, നിലവിൽ ആൻഡ്രോയ്ഡിന് പറയത്തക്ക എതിരാളി ആപ്പിളിന്റെ ഐഫോണിൽ ഉപയോഗിച്ച് വരുന്ന IOS മാത്രം ആണ്. അത് കൊണ്ട് തന്നെ ആപ്പിൾ ഒഴികെയുള്ള സ്മാർട്ഫോൺ കമ്പനികളിൽ ഭൂരിഭാഗവും ഗൂഗിളിന്റെ ആൻഡ്രോയിഡിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.
അങ്ങനെ ആൻഡ്രോയ്ഡ് OS ഉപയോഗിച്ച് ലോകത്തിലെ തന്നെ സ്മാർട്ഫോൺ വില്പനയിൽ ഒന്നാം സ്ഥാനത്തു വരെ എത്തിയ ബ്രാൻഡ് ആണ് ഹുവാവെ, സ്വന്തമായി നിർമ്മിച്ചെടുത്ത കിരിൻ പ്രോസസ്സർ ഉള്ള ഫോണുകളായിരുന്നു ഹുവാ വെയ് കൂടുതൽ നിർമിച്ചിരുന്നത്. സ്മാർട്ഫോൺ ബിസിനസ് കൂടാതെ മൊബൈൽ നെറ്റ്വർക്ക് കമ്പനികൾക്ക് വേണ്ട ഉപകരണങ്ങൾ നിർമിച്ചു കൊടുക്കുന്ന കമ്പനി കൂടിയാണ് ഹുവാവെയ്, ഈ രണ്ടു മേഖലയിലും ഹുവാവെ വൻ വിജയം ആണെന്ന് തന്നെ പറയാം.
അമേരിക്കയുടെ പ്രഹരം
എന്നാൽ ഇതിനിടയിൽ അമേരിക്ക – ചൈന ട്രേഡ് വാർ ഉണ്ടായപ്പോൾ ഹുവാവെ രാജ്യസുരക്ഷക്ക് ഭീഷണി ആണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഗവണ്മെന്റ് ഹുവാവെയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും അമേരിക്കൻ കമ്പനികളോട് ഹുവാവെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടു കൂടി ടെക് ഭീമൻ ഗൂഗിൾ ഹുവാവെയുടെ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കാനുള്ള ലൈസൻസ് റദ്ദ് ചെയ്യുകയും തുടർന്ന് ഹുവാവെയ്ക്ക് തങ്ങളുടെ പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ സേവനങ്ങൾ ഇല്ലാതെ പുറത്തിറക്കേണ്ടി വരികയും ചെയ്തു. അതോടുകൂടി കൂടിയാണ് ഹുവാവെയുടെ സ്വന്തം OS നെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പുറത്തു വന്നു തുടങ്ങിയത്.
ഔദ്യോഗിക പ്രഖ്യാപനം
ഹുവാവെയ് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു എന്ന വിവരം പരസ്യമായ രഹസ്യം ആയിരുന്നെങ്കിലും അത് ഔദ്യോഗികമായി ഹുവാവെ പ്രഖ്യാപിച്ചത് 9 August 2019 നായിരുന്നു. ഹാർമണി ഒ എസിനെ കൊണ്ട് ഹുവാവെ ലക്ഷ്യമിടുന്നത് വെറും സ്മാർട്ഫോൺ മാർക്കറ്റ് മാത്രം അല്ല, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെ വർക്ക് ചെയുന്ന കാർ മീഡിയ പ്ലേയർ, സ്മാർട്ട് ടീവി, സ്മാർട്ട് സ്പീക്കർ, തുടങ്ങി സ്മാർട്ട് വാച്ചുകൾ വരെയുള്ള ഉപകരണങ്ങൾ ആണ്. അങ്ങനെ ഒട്ടുമിക്ക ഉപകരണങ്ങളും ഒരു ഇക്കോ സിസ്റ്റത്തിൽ എത്തിക്കുന്നതിലൂടെ ഒരു സ്മാർട്ഫോൺ വഴി എല്ലാം നിയന്ത്രിക്കുക എന്നത് കൂടി ആണ് കമ്പനി ഉദ്ദേശിക്കുന്നത്.
ആദ്യം 128 MB യിൽ കുറവ് റാം ഉള്ള ഡിവൈസുകൾക്ക്
അദ്യ പടിയായി 128 എംബി RAM ഉള്ള സ്മാർട്ട് TV, വാച്ച് പോലുള്ള ഡിവൈസുകൾക്കും പിന്നീട് 4GB RAM ഉള്ള ഡിവൈസുകൾക്കും ഒഎസ് ലഭ്യമാക്കാനാണ് ഹുവാവെ യുടെ പ്ലാൻ. ഇത് വിജയകരമായി പൂർത്തീകരിച്ചാൽ പിന്നെ എല്ലാ ഡിവൈസുകളിലേക്കും ഹാർമണി ഒഎസ് എത്തിക്കും.
നിലവിലുള്ള ഹുവാവെ ഫോണുകൾക്ക് ഹാർമണി ഒ എസ് ലഭിക്കുമോ ?
ഹുവാവെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ അനുസരിച്ചു അവരുടെ Kirin 9000 ചിപ്പിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് (Mate 40 സീരീസ്) ആണ് അദ്യം അപ്ഡേറ്റ് ലഭിക്കുക. പിന്നീട് അത് Kirin 990 5G, 990 4G തുടങ്ങിയ ചിപ്പുകൾ ഉപയോഗിച്ചിട്ടുള്ള ഫോണുകൾക്കും ലഭ്യമാകും.
ഇതുവരെ സ്മാർട്ഫോൺ OS ഇൻഡസ്ട്രയിൽ ഒരുപാട് കമ്പനികൾ ആൻഡ്രോയ്ഡിന് ബദൽ കൊണ്ടുവരാൻ ശ്രമിച്ചു പരാജയപെട്ടിട്ടുണ്ട്, എന്നാൽ ഹുവാവെ അവരിൽ നിന്നും വ്യത്യസ്തമായി എങ്ങനെ മാർക്കറ്റിനെ സമീപിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ടെക് ലോകം.